തിരുവനന്തപുരം ബ്ലോഗ് മീറ്റ്
ഡോ.മനോജ് കുമാര്‍ ബൂലോകം സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡിന് അര്ഹനായതോടെയാണ് അവാര്‍ഡ്ദാന ദിനത്തില്‍ തന്നെ തലസ്ഥാനനഗരിയില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാനുള്ള ചിന്ത ഉരുത്തിരിഞ്ഞ് വന്നത്. തുടര്‍ന്ന് പല ബ്ലോഗര്മാരുമായും ഇതിനേക്കുറിച്ച് സംസാരിക്കുകയും ബ്ലോഗ് മീറ്റ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബാണ് ബ്ലോഗര്‍ സംഗമത്തിന് വേദിയായി നിശ്ചയിച്ചത്. അന്‍വര്‍ ഹുസൈന്, ഡോ. മനോജ് കുമാര്‍, വിഷ്ണു ഹരിദാസ്, ഉട്ടോപ്പ്യന്, വിജിത് വിജയന്, മണികണ്ഠന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതും നിയന്ത്രിച്ചതും. പല ജില്ലകളില്‍ നിന്നുമായി അമ്പതിലധികം ബ്ലോഗര്‍മാര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി തലസ്ഥാന നഗരിയിലെത്തി. ബ്ലോഗര്‍ സംഗമ വേദിയില്‍ വെച്ച് 3 പുസ്തകങ്ങളുടെ പ്രകാശനവും അരങ്ങേറി. കൊച്ചുമോള്, കുഞ്ഞൂസ് കാനഡ എന്നിവര്‍ ചേര്‍ന്ന് രചിച്ച രുചിക്കൂട്ട്, അഞ്ജു കൃഷ്ണയുടെ ഇനിയും പെയ്യാത്ത മഴ (കവിതാസമാഹാരം), അമ്മുക്കുട്ടി രചിച്ച അമ്മുക്കുട്ടിക്കവിതകള് എന്നിവയായിരുന്നു പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍. 'ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്-നാളെ','ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച' എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സംവാദം മീറ്റിന് കൊഴുപ്പേകി. ഉട്ടോപ്പ്യന്, അംബരീഷ് എന്നിവരുടെ ചിത്രപ്രദര്‍ശനവും, ജെ.പ്രീതയുടെ(പ്രവാഹിനി) ഹാന്റി ക്രാഫ്റ്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു. സീയെല്ലസ് ബുക്സ് പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളുടെയും, സഫര്‍ അമീര്‍ നിര്‍മ്മിച്ച എക്കോ ഫ്രണ്ട്ലി ബാഗുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ബ്ലോഗര്‍ സംഗമം വൈകുന്നേരം നാല് മണി വരെ നീണ്ടു. ഷരീഫ് കൊട്ടാരക്കരയുടെ നിര്‍ദ്ദേശമനുസരിച്ച്, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരവൃന്ദം കൈക്കൊള്ളുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ ഒരു പ്രമേയവും പാസ്സാക്കുക കൂടി ചെയ്തുകൊണ്ടാണ് ബ്ലോഗര്‍ സംഗമം അവസാനിപ്പിച്ചത്.താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ബ്ലോഗര്‍ സംഗമത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ വായിക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്യാം.